Monday, August 03, 2020

raajaavine snehicha daasi pennu part 4



രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ്... പാർട്ട് 4  

രാജ്യം പുരോഗതിയില്ലേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു...

രാജാവിന്റെ ഭരണത്തിൽ എല്ലാവരും  സംതൃപ്തർ ആയിരുന്നു...

എല്ലാവർക്കും വിദ്യാഭ്യാസം... തൊഴിൽ ... സുഖകരമായ ജീവിതം...

എല്ലാ പ്രായത്തിൽ ഉള്ളവർക്കും വിവിധ  ഇനം പദ്ധതികൾ... 

വികസനത്തിന്റെ പാതയിൽ രാജ്യം അങ്ങനെ ലോകം കീഴടക്കി കൊണ്ടിരുന്നു...

പക്ഷെ.. മറുവശത്തു... മൂല്യച്യുതിയും സംഭവിച്ചു കൊണ്ടിരുന്നു...

മക്കളെ കൊല്ലുന്ന അമ്മമാർ ... 

പെണ്മക്കളെ  ചൂഷണം ചെയുന്ന അച്ഛന് മാർ...

വൃദ്ധരായ മാതാപിതാക്കളെ വഴിയോരത്തു ഉപേക്ഷിച്ചിട്ട് തന്കാര്യം നോക്കി പോകുന്ന മക്കൾ... 

വീട്ടിലും വഴിയിലും എന്ന് വേണ്ടാ ... സർവത്ര ചൂഷണങ്ങൾ...

മനുഷ്യർ സ്വാർത്ഥരും , അത്യാഗ്രഹികളുമായി മാറി.. ആർക്കും  ആരോടും സ്നേഹമോ, ദയയോ, കാരുണ്യമോ,സഹതാപമോ,  സഹാനുഭൂതിയോ... യാതൊന്നും ഇല്ലാത്ത അവസ്ഥ ....

അയൽ രാജ്യങ്ങൾ തമ്മിലും പ്രശ്നങ്ങൾ.. എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും വെട്ടിപിടിക്കണം... വേണ്ടി വന്നാൽ ഒരു ആക്രമണത്തിന്  തന്നെ തയ്‌യാറായി  ഇരിക്കുന്ന സമയം...

-------------------------------------------------------------------------------

കച്ചവട ആവശ്യങ്ങൾക്ക് വേണ്ടി അയൽ  രാജ്യത്തു പോയി വരുന്ന ഒരു പതിവ് അയാൾക്ക് ഉണ്ടായിരുന്നു... 

അന്ന് തിരിച്ചു വന്ന ദിവസം... ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോയി... അവർക്കെല്ലാം അയാൾ  സമ്മാനങ്ങൾ കൊണ്ട് വന്നിട്ടുണ്ടായിരുന്നു...

അവരുടെ ഒപ്പം ഇരുന്നു സംസാരിച്ചു, ആഹാരം കഴിച്ചു... സമയം ചിലവിട്ടു.. 

 ഒരാഴ്ച കഴിഞ്ഞു .... എന്തൊക്കെയോ അസ്വസ്ഥകൾ ... ദേഹമാസകലം വല്ലാത്ത വേദന... ചുമ ഉണ്ട്... പനിയുടെ ലക്ഷണങ്ങൾ... ചെറുതായി ശ്വാസം മുട്ടുണ്ടോ?? 
എന്തായാലും വൈദ്യനെ ഒന്ന് കണ്ടു കളയാം... 

വൈദ്യന്റെ അടുത്ത് പോയി മരുന്ന് കുറിച്ച് മേടിച്ചു... ഒരാഴ്ച കഴിച്ചാൽ എല്ലാം ഭേദമാവുമെന്ന വൈദ്യന്റെ വാക്കിന്റെ ഉറപ്പിൽ അയാൾ പോയി...

രണ്ടു ദിവസം കഴിഞ്ഞു... 
അയാൾക്ക്‌ ശ്വസിക്കാൻ  വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെട്ടു...
കലശലായ നെഞ്ചുവേദന....
സംസാരവും  ചലനശേഷിയും  നഷ്ടപ്പെട്ടു...
കുടുംബക്കാർ ഉടനെ തന്നെ അയാളെ വൈദ്യന്റെ അടുക്കൽ  എത്തിച്ചു... 

പക്ഷെ അപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു....

അത് വെറും ഒരു തുടക്കം മാത്രമാണെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല... 

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു...

രാജ്യത്തിന്റെ പല ഭാഗത്തായി ആളുകൾ മരിച്ചു വീഴാൻ തുടങ്ങി... 

പ്രതേകിച്ചും അയൽ രാജ്യങ്ങൾ സന്ദർശിച്ചു വരുന്നവർ.... 

നാടെങ്ങും ആശങ്കയും ഭീതിയും... എന്ത് ചെയ്യണം എന്നറിയാതെ ജനകോടികൾ...

ഒടുവിൽ എല്ലാവരും ആ സത്യം തിരിച്ചറിഞ്ഞു...

രാജ്യം കഠിനമായ ഒരു  പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു...

ഇനി എന്ത്... എങ്ങനെ ഇതിന്നെ നേരിടണം?? 

കൊട്ടാരത്തിൽ അടിയന്തര യോഗം വിളിച്ചു കൂട്ടി... 

രാജാവും മന്ത്രിമാരും അഹോരാത്രം ചർച്ച ചെയ്‌തു...

രാജ്യത്തിന്റെ നാനാഭാഗത്തും ചെയെണ്ടേ കാര്യങ്ങൾ... എത്തിക്കേണ്ട സഹായങ്ങൾ... എല്ലാത്തിനെ കുറിച്ചും ചർച്ചകൾ ....

അങ്ങനെ ഓരോ ഉദ്യോഗസ്ഥർക്കും ഓരോ കടമകൾ നിർവഹിക്കാൻ കൊടുത്തു... 

ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ കൂട്ടി കൊടുത്തു... 

രാജ്യമെങ്ങും കൊടും ഭീതിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന സമയം... 

രാജാവും കൊട്ടാരത്തിലെ മറ്റുള്ളവരും... രാവും പകലും  ഇതിന്നെ പ്രതിരോധിക്കാന്നുള്ള വഴികൾ തേടി നടന്നു... 

ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ രാജ്ഞി തന്റെ മക്കളെയും കൂട്ടി സ്വന്തം രാജ്യത്തേക്ക് പോകാൻ നിശ്ചയിച്ചു... 

ഇവിടെ നിന്നാൽ തനിക്കോ തന്റെ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാലോ... 

അവർ രാജാവ് അറിയാതെ സ്വന്തം കൊട്ടാരത്തിൽ വിവരം അറിയിക്കുകയും, അവിടുന്ന് അവരെ കൂട്ടി കൊണ്ട് പോകാൻ ആളെ വിടുകയും ചെയ്‌തു...

ഇതറിഞ്ഞ രാജാവ് കടുത്ത രീതിയിൽ പ്രതികരിച്ചു. ഈ സമയത്തു ഒരു രാജ്യത്തിന്റെ രാജ്ഞിയിൽ നിന്നും  ഒരിക്കലും പാടില്ലാത്ത ഒരു നീക്കമാണിത് ... 

ഇതറിഞ്ഞാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും... ചിന്താശേഷി ഇല്ലേ ?? 

രാജാവ് വീണ്ടും കുറെ  ചോദ്യങ്ങൾ ചോദിച്ചു... പക്ഷെ രാജ്ഞി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു .... മക്കളെയും കൂട്ടി കൊട്ടാരത്തിൽ നിന്നും യാത്രയായി..

രാജാമാതാ അങ്ങേയറ്റം വ്യസനിച്ചു... ചെറുമക്കൾ വിട്ടു പോയി... രാജാവും ഒരുപാട് വേദനിച്ചു...

പക്ഷെ.. സ്വകാര്യജീവിതത്തിലെ വിള്ളലുകൾ പുറത്തറിയാതെ മൂടി വെയ്ക്കുക അത്ര എളുപ്പം ആയിരുന്നില്ലാ.... പലയിടത്തും പലരീതിയിൽ സംസാരം ഉയർന്നു... 

എന്നിരുന്നാലും.... അദ്ദേഹം രാജ്യത്തെ ബാധിച്ചിരിക്കുന്ന വിപത്തു തുടച്ചു നീക്കുന്നതിൽ  കൂടുതൽ ശ്രെദ്ധിച്ചു .... 

എല്ലായിടത്തും അദ്ദേഹത്തിന്റെ ശ്രെദ്ധ എത്തിക്കൊണ്ടിരുന്നു... ദിനംപ്രതി രോഗികളുടെ എണ്ണം കൂടി... ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ  ഇരുന്നാൽ കുറെയൊക്കെ രോഗം നിയന്ത്രിക്കാൻ കഴിയുമെന്ന അറിവ് ഏറെക്കുറെ ആശ്വാസം നൽകിയെങ്കിലും അതും ധിക്കരിക്കാൻ കുറെ  പേർ ഉണ്ടായിരുന്നു... 

ഇതിനെല്ലാം പുറമെ ശത്രുരാജ്യക്കാർ ആക്രമിക്കാൻ തക്കം പാർത്തിരുന്നു...

കൊട്ടാരത്തിലെ ജോലിക്കാർക്കും വ്യാധി പിടിപെടാൻ ആരംഭിച്ചു...

ആകെമൊത്തം അങ്കലാപ്പിൽ പെട്ട് രാജ്യം ദാരുണമായ സാഹചര്യത്തിലേക്കു കൂപ്പുകുത്തി..

എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമേനോ അറിഞ്ഞൂടാത്ത അവസ്ഥ... നേരിടുക അല്ലാതെ വേറെ മാർഗം ഇല്ലാ... 

രാജ്യം മുഴുവൻ ആ മഹാമാരിക്കു മുന്നിൽ നിസ്സഹായതയോടെ നിരാലംബത്തെയോടെ തല കുമ്പിട്ടു നിന്നു ....

മരണനിരക്ക് കൂടി കൂടി വന്നു... രോഗം ഭേദമായവർക്കു വീണ്ടും വരാൻ തുടങ്ങി.. 

അവസാനം അതും സംഭവിച്ചു... 

രാജാവും രോഗബാധിതനായി  !!!!!

******************************************


രാജാവിന് പകർച്ചവ്യാധി... ഇനി എന്ത് ചെയ്യും??

രാജ ഗുരുവും, മഹാമന്ത്രിയും, കൊട്ടാരം വൈദ്യനും കൂടി ആലോചിച്ചു...

പുറത്താരും  ഈ കാര്യം അറിയാൻ പാടില്ലാ.. രാജ ഗുരു നിർദ്ദേശിച്ചു...

പക്ഷെ എങ്ങനെ... മഹാമന്ത്രിക്കു ഒരു  എത്തും പിടിയും കിട്ടിയില്ല.. 

നടപ്പിലാക്കിയേ  തീരു... പുറത്തു ആരെങ്കിലും അറിഞ്ഞാ പിന്നെ രാജ്യത്തിന്റെ സന്തുലിതാവസ്‌ഥ തകിടം മറിയാൻ ഇതിൽ കൂടുതൽ എന്താണ് ആവശ്യം... പോരാത്തതിന് ചീനാകാർ ആക്രമിക്കാൻ തക്കം പാർത്തു നിൽക്കുന്നു... ഈ സമയത്തു ഇതല്ലാതെ വേറെ വഴിയില്ല...

പക്ഷെ.. രാജാവിന് എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ഉണ്ട്... എവിടെ എല്ലാം പോകാൻ ഉണ്ട്... ആരെയെല്ലാം കാണാൻ ഉണ്ട്... ഇതൊന്നും നടക്കാതെ ഇരിക്കുമ്പോ രാജാവിന് എന്ത് പറ്റിയെന്നു എല്ലാവരും അന്വേഷിക്കില്ലേ... എന്ത് മറുപടി കൊടുക്കും... 

അതിനുള്ള മറുപടി ആയി കൊട്ടാരം വൈദ്യൻ പറഞ്ഞു... 

രാജാവ് അതീവസമ്മർദ്ദത്തിൽ ആയതിനാൽ കൊട്ടാരം വൈദ്യന്റെ നിർദേശപ്രകാരം ഒരു പ്രതേക  ചികിത്സയിൽ ആണെന്ന് പറയാം... തത്കാലം അത് കൊണ്ട് മുന്നോട്ട് പോകാം.. ആ സമയം കൊണ്ട് രാജാവിന്റെ വ്യാധി മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കാം...

തത്കാലം അങ്ങനെ തീരുമാനിച്ചു അവർ പിരിഞ്ഞു...

പക്ഷെ... വിചാരിച്ചതു പോലെ രാജാവിന്റെ ദീനം മാറിയില്ല എന്ന് മാത്രമല്ല ... മൂർച്ഛിക്കുകകൂടി ചെയ്‌തു... 

രാജാവിനെ പരിചരിക്കാൻ അതീവരഹസ്യമായി കൊണ്ടുനിർത്തിയ ദാസൻ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് രോഗം പകർന്നു കിട്ടി മരിക്കുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയി തുടങ്ങി... 

രാജാവിന്റെ രോഗം പുറത്തറിഞ്ഞു... രാജ്യത്തു അങ്ങിങ്ങു  പ്രേതിഷേധങ്ങൾ ഉയർന്നു... 

എന്ത് ചെയ്യണം എന്നറിയാതെ മഹാമന്ത്രി രാജ ഗുരുവിനെ സമീപിച്ചു...

അദ്ദേഹം ചിന്താകുഴപ്പത്തിൽ ആയി... കുറെ നേരത്തെ ആലോചനക്ക് ശേഷം അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു... 

ഒരു വഴിയുണ്ട്...ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതല്ലാതെ വേറെ വഴിയില്ല...

മഹാമന്ത്രി അദ്ദേഹം വഴി  പറയുന്നതും കാത്തു ഉരിയാടാതെ നിന്ന്... 

 മഹാരാജാവ് പൊന്നുതമ്പുരാന്റെ കാലത്തു ഒരു പണ്ഡിതൻ ഉണ്ടായിരുന്നു... വെറും പണ്ഡിതൻ അല്ല... ത്രിലോകജ്ഞാനി... അദ്ദേഹം പ്രവചിച്ചതെല്ലാം അക്ഷരം പ്രതി നടന്നിട്ടുണ്ട്... തമ്പുരാൻ നാടുനീങ്ങിയപ്പോൾ അദ്ദേഹം കൊട്ടാരം വിട്ടു... പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.. അദ്ദേഹത്തെ വരുത്താം... ഇപ്പോഴത്തെ അവസ്ഥ പറഞ്ഞാൽ പ്രതിവിധി നിർദേശിക്കും... അത് പ്രകാരം മുന്നോട്ട് പോകാം... 

പുരോഗമനവാദിയായ മഹാമന്ത്രിക്കു പക്ഷെ അത് അനിയോജ്യമായ ഒന്നായി  തോന്നിയില്ല... രോഗം വന്ന ആളിനെ ശ്രെശ്രൂഷിച്ചു ഭേദമാകുന്നതിനു പകരം പണ്ഡിതന്നെ വരുത്തി പ്രശ്‌നം  നോക്കിക്കാം  എന്ന് പറയുന്നത് യുക്തി ഉള്ളവർക്ക് യോജിച്ചതാണോ ??  രാജ്യത്താകെമാനം പ്രതിസന്ധിയാണ്... 

എന്നിരുന്നാലും അദ്ദേഹം മറുത്തു ഒന്നും പറയാൻ നിന്നില്ല... സാഹചര്യം അതായി പോയില്ലേ... ഇപ്പൊ തർക്കിക്കാൻ ഉള്ള സമയം അല്ല... 

******************************************

അങ്ങനെ ആ പ്രതേക  സാഹചര്യത്തിൽ... ജ്ഞാനിയും പണ്ഡിതനും സർവോപരി ജ്യോതിഷശാസ്‌ത്രത്തിൽ അങ്ങേയറ്റം പ്രാവീണ്യം തെളിയിച്ചിട്ടുള്ളതുമായ ആ പ്രഗത്ഭൻ കൊട്ടാരത്തിൽ എത്തി.. 

കൊട്ടാരത്തിൽ അദ്ദേഹത്തിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു... യാത്രാക്ഷീണം മാറ്റി  അദ്ദേഹം രാജ ഗുരുവിനോടും മഹാമന്ത്രിയോടും സംസാരിച്ചു...

അവരുടെ ഭാഗത്തെ ആവലാതികളും, സംശയങ്ങളും, ആവശ്യങ്ങളും അദ്ദേഹം നിശബ്ദം കേട്ടു ....

കുറച്ചു സമയം കണ്ണുകൾ അടച്ചു അദ്ദേഹം ഒന്നും ഉരിയാടാതെ ഇരുന്നു... 

രാജ ഗുരുവും മഹാമന്ത്രിയും ക്ഷേമയോടെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു... 

അത് വരെ രഹസ്യമായി  സൂക്ഷിച്ചു വച്ചിരുന്ന ആ സത്യം അദ്ദേഹം അവരോട് പങ്കു വെച്ചു ..

*********************************************************************************

രാജാവ് ജനിച്ച സമയത്തു അദ്ദേഹത്തിന്റെ ജാതകം എഴുതിയത് താൻ ആണ്... അതിലെ കുറച്ചു കാര്യങ്ങൾ തനിക്കും മഹാരാജാവ് പൊന്നുതമ്പുരാനും മാത്രമേ അറിയൂ... രാജാമാതായ്ക്ക്‌  പോലും അത് അറിയില്ലാ...

രാജ്യത്തെ പകർച്ചവ്യാധി ...അത് വന്നത് പോലെ തന്നെ തിരിച്ചു പോകും... കുറച്ചു കാലതാമസം എടുക്കും... പക്ഷെ അത് സാരമാക്കേണ്ട ...

പക്ഷെ രാജാവിന്റെ കാര്യം.. 

ഇത് വരെ താൻ പ്രവചിച്ചത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം  മുന്നോട്ട് പോയത്... 

ഇന്ന പ്രായത്തിൽ മാറാരോഗം വന്നു കിടപ്പിൽ ആവുമെന്നും താൻ പ്രവചിച്ചിരുന്നു... അത് പ്രകാരം തന്നെയാണ് സംഭവിച്ചത്... 

അദ്ദേഹം സംസാരം നിർത്തി... ദൂരേക്ക് നോക്കി ചിന്താമഗ്നനായീ  കുറച്ചു നിമിഷങ്ങൾ നിന്നു ...

രാജാ ഗുരുവും മഹാമന്ത്രിയും ഉദ്ധെഗത്തോടെ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാത്തിരുന്നു...

ഇനി താൻ  പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങള്ക്ക് മുഖവിലക്കെടുക്കാം അല്ലെങ്കിൽ തള്ളിക്കളയാം... 

രാജാവിന്റെ രോഗം ഭേദമാവാൻ, അദ്ദേഹത്തെ പഴയതു പോലെ മടക്കി കൊണ്ട് വരാൻ ... അതിനു വേണ്ടി മാത്രം ജനിച്ച ഒരു ആത്‌മാവ്‌ ഉണ്ട്... ആ ആത്‌മാവ്‌ വി‌ചാരിച്ചാൽ മാത്രമേ രാജാവ് തിരിച്ചു ജീവിതത്തിലേക്ക്  മടങ്ങി വരുള്ളൂ... അല്ലാത്ത പക്ഷം അദ്ദേഹം അകാല മൃത്യു വരിക്കും... 

രാജ ഗുരുവും മഹാമന്ത്രിയും ഞെട്ടലോടെ  പരസ്പരം നോക്കി...

 ആത്‌മാവ്‌ എന്നൊക്കെ പറഞ്ഞാ ... അവിടുന്ന് ഒന്ന് തെളിച്ചു പറഞ്ഞാലും...

ഒരു സ്ത്രീജന്മം... അത് തന്നെയാ ആത്‌മാവ്‌ എന്ന് കൊണ്ട് ഉദേശിച്ചത്‌.. അത് കൊണ്ടാ പുരുഷനെ കൊണ്ട് വന്നു നിർത്തിയപ്പോ മൃത്യു സംഭവിച്ചത്...

രാജ ഗുരു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ ഭക്തിയോടെ കേട്ട് കൊണ്ട് നിന്ന്... പക്ഷെ മഹാമന്ത്രിക്കു ഇതൊന്നും അത്ര തൃപ്തി ആയില്ല... 

ഒരു സ്ത്രീയെ കൊണ്ട് വന്നു നിർത്തിയാൽ രോഗം ഭേദമാകുമോ.. എന്തൊരു അസംബദ്ധമാണ് ...

പണ്ഡിതൻ അത് മനസിലാക്കിയത് പോലെ മഹാമന്ത്രിയോട് പറഞ്ഞു... 

ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് അല്ലെ...സാരയില്ല ... നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം.. പച്ച പരമാർത്ഥം...
താൻ ഇത് അന്ന് മഹാരാജാവ് പൊന്നു തമ്പുരാനോട് ഉണർത്തിച്ചപ്പോ അദ്ദേഹം വിചാരിച്ചു രാജാവിന്റെ വേളിയെ കുറിച്ചായിരിക്കും പറയുന്നതെന്ന്... പക്ഷെ തനിക്കു അറിയാമായിരുന്നു ഈ സമയത്തു രാജാവിന്റെ വേളി ഒപ്പം ഉണ്ടാവില്ലാന്... അത് പക്ഷെ താൻ അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞില്ലാന് മാത്രം....

അപ്പൊ ഇനി... ആ സ്ത്രീയെ കൊട്ടാരത്തിലേക്കു കൂട്ടി കൊണ്ട് വന്നാൽ രാജാവ് രക്ഷപെടും ... അതല്ലേ അവിടുന്ന് പറഞ്ഞു വരുന്നത്... 

അല്ല.. കൂട്ടി കൊണ്ട് വന്നിട്ട് കാര്യമില്ല്യാ... സ്വമനസ്സാലെ വരണം.. എന്നാലേ പ്രയോജനം ഉള്ളു...

അല്ല ... അത്... എപ്പോ... എങ്ങനെ .... ആര്... ഒന്നും അറിയാതെ...

അതോർത്തു വ്യാകുലപ്പെടേണ്ടതില്ല്യാ... ആളെ കാണുമ്പോ തനിക്കു മനസിലാവും..

ഉവ്വ്... പക്ഷെ... ആൾ വരാൻ എന്തെങ്കിലും ഉപാധി... 

രാജ്യമൊട്ടാകെ ഒരു വിളംബരം  കൊടുക്കുക... രാജാവിനെ പരിചരിക്കാൻ ഇത്ര മുതൽ ഇത്ര വരെ പ്രായമുള്ള സ്ത്രീകളെ ആവശ്യം ഉണ്ട്... എത്രയും പെട്ടെന്ന്  കൊട്ടാരത്തിൽ എത്തണം...

വിളംബരം കൊടുത്തിട്ടും ആൾ വന്നില്ലെങ്കിൽ... 

വരും... വന്നേ തീരു... അതങ്ങനെയാണ്...

രാജ ഗുരുവും മഹാമന്ത്രിയും അദ്ദേഹത്തെ താണു വണങ്ങി... അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനായി അനുമതി നേടി  ഇറങ്ങി... 

ആ മാഹാത്മാവ് കണ്ണുകൾ അടച്ചു ധ്യാനനിരതനായി ഇരുന്നു... 

വരും...വരണം... 

കാരണം...വരാതെ ഇരിക്കാൻ ആ ആത്‌മാവിന് കഴിയില്ലാ... 

( തുടരും)...
























 





No comments: