Tuesday, July 28, 2020

രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ് പാർട്ട് 3 




പിറ്റേ ദിവസം രാവിലെ  അവൾ കിടക്കയിൽ നിന്നു എണീക്കാൻ കൂട്ടാക്കീലാ... അങ്ങനെയേ  കിടന്നു...

താൻ ഇന്നലെ രാത്രി ഉറങ്ങിയായിരുന്നോ... അറിയില്ലാ.... 

മനസിലെ  ഭാരം... അത് കൂടുന്നതല്ലാതെ കുറയുന്നില്ല...ആകെമൊത്തം ഇരുട്ടായതു പോലെ...

ഒന്നും ചെയാൻ തോന്നുന്നില്ല.. അല്ലെങ്കി തന്നെ ഇപ്പൊ എന്തെങ്കിലും ചെയ്തിട്ട് എന്തിനാ.. ആർക്കു വേണ്ടിയാ..

ഏറെ നേരമായിട്ടും അവൾ എണീക്കാതെ വന്നപ്പോൾ അമ്മമ്മ  പിന്നിൽ വന്നു ആരാഞ്ഞു......

"എന്തേ പറ്റിയെ ?? കുട്ടി  എന്താ എണീക്കാത്തെ?? പണിക്കു പോണില്ലേ ??"

'ഇല്ലാ'... അവൾ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു... 

"സുഖമില്ലേ??".. അമ്മമ്മ വിടാൻ ഭാവമില്ല.. അവളുടെ അടുക്കൽ വന്നു നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ച് നോക്കി... 
" ചൂടൊന്നും ഇല്ലാ"... 

'ഒരു മേലുകാച്ചില് പോല്ലേ'... അവൾ എങ്ങും തൊടാതെ പറഞ്ഞു...

'എന്നാ ഇന്ന് വിശ്രമിക്കു... കാര്യക്കാരനോട് പറഞ്ഞോ??'... അമ്മമ്മ വക അന്വേഷണം...

കൊട്ടാരത്തിലെ പണിയൊക്കെ നിശ്ചയിച്ചു ഓരോരുത്തരെ  കൊണ്ട് ചെയ്യിച്ചു അവരുടെ മേൽനോട്ടം വഹിക്കുന്ന ആളാണ് കാര്യക്കാരൻ ....

'ഇല്ലാ'... നിസ്സംഗഭാവത്തിൽ അവളുടെ മറുപടി...

'സാരയില്ലാ... ഞാൻ പോകുന്ന വഴിക്കു പറഞ്ഞോല്ലാം... ഇന്ന് വിശ്രമിച്ചോ... കഴിക്കാനുള്ളത് മൂടി വെച്ചിട്ടുണ്ട്...ഞാൻ പറ്റുവാണെങ്കി നേരത്തെ വരാൻ നോക്കാം'... അമ്മമ്മ ഇറങ്ങാൻ നേരം പറഞ്ഞു...

'വേണ്ടാ... കുറച്ചു കിടന്നാ ശെരിയായി കൊള്ളും'..

ശെരി എന്ന മട്ടിൽ തലയാട്ടി അമ്മമ്മ ജോലിക്കു പോയി.. വീട്ടിലെ ഓരോരുത്തരായീ അവരവരുടെ  കാര്യം അന്വേഷിച്ചു പോയി... 

അവൾ വീട്ടിൽ തനിച്ചായീ... 

എന്തൊരു ശൂന്യത.. 

താൻ ഇനി എന്തിന്നു... തനിക്കു ഇനി എന്ത്... 

എല്ലാം തീർന്നില്ലേ... 

ഇത്രയും കാലവും മനസ്സിൽ കൊണ്ട് നടന്നു... എന്തിന്നു വേണ്ടി ആയിരുന്നു... ആർക്കു വേണ്ടി ആയിരുന്നു... 

താൻ ഒരു പൊട്ടി... ഇത്രയും സ്നേഹിച്ചിട്ടു അവസാനം... 

അവൾ സ്വയം നിയന്ത്രിക്കാൻ ആവാതെ പൊട്ടി കരഞ്ഞു... 

എത്ര നേരം കരഞ്ഞു എന്ന് അവൾക്കു നിശ്ചയമില്ല... 

കരഞ്ഞു കരഞ്ഞു ഒടുവിൽ അവൾ തളർന്നു... 

എന്നിട്ടും സങ്കടം തീരുന്നില്ല.. 

അവൾ എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 

ലോകത്തോട് മുഴുവൻ അവൾക്കു ദേഷ്യവും വാശിയും തോന്നി... 

ദൈവം തന്നെ കൈവിട്ടു... 

അതിനു ദൈവം ഇല്ലല്ലോ... ഉണ്ടായിരുന്നെങ്കി തനിക്കു ഇങ്ങനെ സംഭവിക്കുമോ ??

ആർക്കും ഒരു ദ്രോഹവും ചെയാതെ മാന്യമായീ ജീവിക്കുന്ന ആൾക്കാരുടെ കൂടെ നിൽക്കാതെ അവരുടെ ഉള്ളു പൊള്ളുമ്പോ നോക്കി നിന്ന് രസിക്കുന്നതിന്നെ ഒക്കെ എങ്ങനെ ദൈവംന്നു വിളിക്കും... അത് ചെകുത്താനാണ്...

കൊട്ടാരത്തിലേക്കു പണിക്കു പോകണ്ടായിരുന്നു... അതെല്ലേ... ഇങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം.. 

ഏറെ  നേരം അവൾ വെറും തറയിലെ തണുപ്പിൽ കിടന്നു... 

ഇപ്പൊ അങ്ങ് മരിച്ചു പോയിരുന്നെങ്കി... ഈ സങ്കടകടലിൽ  നിന്ന് മോചനം കിട്ടിയിരുന്നെങ്കിൽ.. ... 

അവളുടെ കണ്ണിൽ നിന്ന് ജലകണങ്ങൾ ധാരധാരയായി ഒഴുകി...

ഇത് എന്തൊരു വിധിയാണ്..... 

ഇതിൽ നിന്ന് താൻ ഇനി ഒരിക്കലും കര കേറില്ലേ....

ഇതിനു വേണ്ടി ആണോ താൻ ഇത്രയും നാൾ അദ്ദേഹത്തെ സ്നേഹിച്ചത്...

ഇത്ര മാത്രം താൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവോ?? 

അല്ലാതെ ഇത്രയും വിഷമം വരില്ലല്ലോ...

സ്നേഹമോ?? 

ഇതാണോ സ്നേഹം? 

അവൾ സ്വയം ചോദിച്ചു...

സ്നേഹിക്കുന്ന ആളുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോകുമ്പോ ഇങ്ങനെ ആണോ വേണ്ടത്?? 

താൻ പിന്നെ എന്താ വിചാരിച്ചതു... 

തൻ്റെ മനസ് കണ്ടറിഞ്ഞു രാജാവ് വന്നു, തന്നെ വേളി കഴിച്ചു കൂടെ കൂട്ടുംന്നോ ...

ഉവ്വോ... അതാണോ.... താൻ ആഗ്രഹിച്ചത്... പ്രേതീക്ഷിച്ചതു ... സ്വപ്നം കണ്ടത്...

അതോ ... ഇത് പോലെ എന്നും മുന്നോട്ട് പോകുംനോ ...

എന്തായിരുന്നു തൻ്റെ മനസ്സിൽ ?? 

താൻ സ്നേഹിക്കുന്ന ആളിന്റെ നന്മ... അവരുടെ സന്തോഷം... ആരോഗ്യം... സമാധാനം... ദീർഘായുസ്സു... 

ഇതൊക്കെ ആഗ്രഹിച്ചാൽ... അതിന്നു വേണ്ടി പ്രാർത്ഥിച്ചാൽ ...അംഗീകരിക്കാം...

അല്ലാതെ... അവർ തന്നെ തിരിച്ചു സ്നേഹിക്കണം... താൻ ആഗ്രഹിക്കുന്നത് പോലെ ഒക്കെ തന്റെ അടുത്ത്  പെരുമാറണം.. തന്നെ സന്തോഷിപ്പിക്കണം... എന്നൊക്കെ വിചാരിക്കാൻ പാടുണ്ടോ?? 

സ്നേഹിക്കുന്ന ആളിന്റെ അടുത്ത് ഇങ്ങനെ ഉള്ള വ്യവസ്ഥകൾ വെയ്ക്കാൻ കൊള്ളുമോ ?? 

ഇതാണോ സ്നേഹം???

മേടിക്കൽ ആണോ സ്നേഹം?? കൊടുക്കൽ അല്ലെ??

സ്നേഹത്തെ കുറിച്ച് മുൻപ് വിശുദ്ധ പുസ്തകത്തിൽ  വായിച്ചത് ഓർക്കുന്നില്ലേ...

"സ്നേഹം ക്ഷമ ആണ് ... 
ദയ ആണ്. 
അത് അസൂയപ്പെടുന്നില്ല, 
പ്രശംസിക്കുന്നില്ല, 
അഭിമാനിക്കുന്നില്ല.

അത്  പരുഷമല്ല, 
അത് സ്വയം അന്വേഷിക്കുന്നതല്ല,
എളുപ്പത്തിൽ ദേഷ്യം പിടിപ്പിക്കുന്നില്ല,
 തെറ്റുകളുടെ ഒരു രേഖയും സൂക്ഷിക്കുന്നില്ല.

അത്  തിന്മയിൽ ആനന്ദിക്കുന്നില്ല, 
മറിച്ച് സത്യത്തിൽ സന്തോഷിക്കുന്നു.

അത്  എല്ലായ്പ്പോഴും പരിരക്ഷിക്കുന്നു, എല്ലായ്പ്പോഴും വിശ്വസിക്കുന്നു, 
എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു,
എല്ലായ്പ്പോഴും സ്ഥിരോത്സാഹം കാണിക്കുന്നു.

സ്നേഹം.... 
അത്  ഒരിക്കലും പരാജയപ്പെടുന്നില്ല... "

താൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു എങ്കിൽ ... 

രാജാവിനോട് തനിക്കു ഉള്ളത് ഒരു കറയും  ഇല്ലാത്ത സ്നേഹം തന്നെ ആണെങ്കിൽ ....

അദ്ദേഹത്തെ ആഗ്രഹിക്കാൻ പാടില്ലാ..
മോഹിക്കാൻ പാടില്ലാ... സ്വന്തം ആവണം എന്ന് സ്വപ്നം കാണാൻ പാടില്ലാ... 
ഒന്നും പ്രേതീക്ഷിക്കാൻ പാടില്ലാ...

നിർലോഭമായി... നിസ്വാർത്ഥമായി ... 
അദ്ദേഹത്തെ സ്നേഹിച്ചു ജീവിക്കാൻ തയ്‌യാറാണോ??

അവൾക്കു മറുപടി ഉണ്ടായിരുന്നില്ല... 

താൻ.... ഒരു സാധാരണ പെണ്ണാണ്... 

തന്നെ കൊണ്ട് ഇതൊക്കെ സാധിക്കുമോ?? എത്ര ആയാലും മനുഷ്യ ജൻമം അല്ലെ.. ആഗ്രഹിക്കാതെ... മോഹിക്കാതെ... സ്വപ്നം കാണാതെ ... ജീവിക്കാൻ പറ്റുമോ??

അത്രക്കുള്ള ശക്തി തനിക്കു ഉണ്ടോ?? 

സാധിക്കും... 

സ്നേഹത്തിന്റെ ശക്തി അത്ര വലുതാണ്.. 

പറയാൻ എന്തെളുപ്പം ... പക്ഷെ...

ശ്രെമിക്കണം..

എന്തും ഒരു പ്രാവശ്യം ശ്രെമിച്ചു നോക്കണം... എന്നിട്ടേ ഒരു നിഗമനത്തിൽ എത്താൻ പാടുള്ളു...

----------------------------------------------------------

പിറ്റേ ദിവസം മുതൽ അവൾ ജോലിക്കു പോയി തുടങ്ങി.. 

മനസിന്റെ കാലുഷ്യം പുറത്തു കാണിക്കാതെ അവൾ ജോലി ഒക്കെ ആവും വിധം ചെയാൻ ശ്രെമിച്ചു...

പക്ഷെ കഴിയുന്നില്ല... 

രാജാവിനെ ഒരു നോക്ക് കാണാൻ അവളുടെ ഉള്ളു വെമ്പി... 

വല്ലപ്പോഴും ഒരിക്കൽ രാജാവിൻനെ കാണാൻ പറ്റിയാലോ... പിന്നെ.. നഷ്ടപ്പെട്ടതിന്റെ സങ്കടം.. 

കാണാൻ പറ്റിയില്ലെങ്കി... കാണാൻ പറ്റാത്തതിന്റെ ഖേദം...

ജോലിയിൽ ഉള്ള അവളുടെ ശ്രെദ്ധ കുറഞ്ഞു...

ആദ്യകാലത്തു നന്നായി പണിയെടുത്തത്തു  കാരണം അവൾക്കു കാര്യക്കാരൻ അധിക ചുമതല ഏർപെടുത്തിയായിരുന്നു... 

അതൊക്കെ.. അത്യധികം കാര്യപ്രാപ്തിയോടെ അവൾ ചെയ്തു വന്നതും ആയിരുന്നു...

അതെപ്പോഴും അങ്ങനെ ആണല്ലോ... പണി നന്നായി ചെയ്‌താൽ... എപ്പോഴും പണി കിട്ടികൊണ്ടിരിക്കും...

അല്ലാത്തവർ സുഖിച്ചു ഇരിക്കും...

പക്ഷെ... രാജാവിന്റെ വേളിയുടെ കാര്യം അറിഞ്ഞത് മുതൽ ... അവൾ ജോലിയിൽ താല്പര്യം ഇല്ലാത്തതു പോലെ പെരുമാറാൻ തുടങ്ങി... 

ഇനി ഇതൊക്കെ ചെയ്തിട്ട് എന്തിനാ എന്ന ഭാവം...

കൊട്ടാരത്തിൽ കൂടെ ജോലി ചെയ്യുന്നവർ തന്നെ ഒറ്റപ്പെടുത്തുന്നു പോലെ... 

തന്നെ എല്ലാവരും മാറ്റി  നിർത്തുന്നത് പോലെ... 

തനിക്കു ആരും ഇല്ലാത്തതു പോലെ..

കൊട്ടാരത്തിൽ പോകാൻ പോലും പിന്നെ അവൾക്കു മടി ആയി.. 

പക്ഷെ... കൊട്ടാരത്തിൽ പോയില്ലങ്കിൽ എങ്ങനെ രാജാവിനെ കാണും...

അതിനെ വേണ്ടി  മാത്രം അവൾ പോയി... പക്ഷെ ജോലി കാര്യത്തിൽ അവൾ ഉഴപ്പി...

ദിവസം ചെല്ലുംതോറും അവൾക്കു സങ്കടം ഏറി വന്നു... 

ഒരു കൂട്ടുക്കാരിയുണ്ടായിരുനെങ്ങിൽ ഇതൊക്കെ പറഞ്ഞു പങ്കു വെയ്ക്കാമായിരുന്നു... 

പക്ഷെ... തനിക്കു അതും ഇല്ലാ... 

ആരോടും ഒന്നും പറയാൻ പറ്റാതെ ... എല്ലാം ഉള്ളിൽ അടക്കി വെച്ച് ... വിഷാദരോഗത്തിന്റെ ആഴമില്ലാ കയങ്ങളില്ലേക്ക് അവൾ മുങ്ങാകുഴിയിടാൻ തുടങ്ങി... 

നെഞ്ചു പൊട്ടുന്ന വേദനയിൽ അവൾ ആ തീരുമാനം എടുത്തു....

കൊട്ടാരത്തിലെ ജോലി ഉപേക്ഷിക്കുക.. 

ജോലി ഉപേക്ഷിക്കാനോ... വിഡ്ഢിത്തം ചിന്തിക്കാതെ...

ഇത്രയും നല്ല ജോലി... അതും രാജ കൊട്ടാരത്തിൽ... ശമ്പളം... ആനുകൂല്യങ്ങൾ... ഭാവിയെ പറ്റി ആകുലപ്പെടേണ്ടതില്ലാ..നല്ലതു പോലെ ജോലി ചെയ്‌താൽ സ്ഥാനകേറ്റം... അങ്ങനെ എന്തെല്ലാം...

ശെരിയാണ്...എല്ലാം ശെരിയാണ്..

പക്ഷെ വയ്യ... ഇങ്ങനെ നീറി നീറി കഴിയാൻ... എന്തൊരു ശ്വാസം മുട്ടലാണ്..

ഇവിടം വിട്ടാൽ.... മറന്നാലോ ... മനസ്സീന്നു മാഞ്ഞാലോ...


മറക്കാനോ... തനിക്കു മറക്കണ്ട... മനസ്സീന്നു മായിച്ചു കളയണ്ട... 

എന്തായാലും ജോലി വിടാം.. ഇനി ഇവിടെ വയ്യ...

 രണ്ടും കല്പിച്ചു അവൾ  വീട്ടിൽ  കാര്യം പറഞ്ഞു... 

താൻ കൊട്ടാരത്തിലെ ജോലി വിടാൻ ആലോചിക്കുകയാണ്..

വീട്ടിൽ അന്ന് നടന്ന കോലാഹങ്ങൾ .... എല്ലാവരും  അവളെ വഴക്കു പറഞ്ഞു... ശകാരിച്ചു... അവൾക്കു അഹമ്മതി ആണ്... അവൾ നിഷേധി ആണ്... കൊട്ടാരത്തിലെ ജോലി വിടണം പോലും... 

പക്ഷെ... തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ അവൾ തയ്‌യാറായിരുന്നില്ല... 

അവസാനം വീട്ടുകാർ  പറഞ്ഞു... 

ശെരി... കൊട്ടാരത്തിലെ ജോലി പറ്റില്ലെങ്കി വേണ്ട... പക്ഷെ.. മറ്റൊരു ജോലി കിട്ടിയിട്ട് ഇത് വിട്ടാൽ മതി... അല്ലാതെ ... ജോലി ഇല്ലാതെ വെറുതെ വീട്ടിൽ നിൽക്കാൻ പറ്റില്ല... 

അവൾ സമ്മതിച്ചു... 

ജോലി അന്വേഷിക്കുന്നവർ പേര്  വിവരങ്ങൾ കൊടുത്തു അപേഷിക്കേണ്ട സ്ഥലത്തു അവൾ ചെന്നു... നടപടിക്രെമങ്ങൾ പൂർത്തിയാക്കി... 

പുതിയ ഒഴിവുകൾ വരുമ്പോൾ അറിയിക്കാം എന്ന് ഉറപ്പിൽ അവർ അവളെ തിരിച്ചയച്ചു...

വീണ്ടും ... കൊട്ടാരത്തിലേക്കു...

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി... ഈ സമയമത്രയും   അവൾ അനുഭവിച്ച    മാനസിക വ്യഥ എത്രത്തോളും ആണെന്ന് ആർക്കും മനസിലായില്ല.. 

അങ്ങനെ ഇരിക്കെ അവൾക്കു അറിയിപ്പ് വന്നു... ഒരിടത്തു ഒരു ജോലി ഒഴിവ് വന്നിട്ടുണ്ട്... ഇന്ന ദിവസം അഭിമുഖത്തിൽ പങ്കെടുക്കണം... 

അഭിമുഖദിവസം അവൾ കൊട്ടാരത്തിൽ നിന്ന് അവധി എടുത്തു.. 

അഭിമുഖത്തിൽ പങ്കെടുത്തു... ജോലി ഏതാണ്ട് ശെരിയായ മട്ടായി... വീണ്ടും താൻ ഒരു തുടക്ക കാരിയാവുകയാണ്... ഇപ്പൊ കിട്ടുന്നതിന്റെ പകുതി ശമ്പളം തരാമെന്നു അവർ പറഞ്ഞു... സമ്മതിക്കാതെ അവൾക്കു നിർവാഹം ഇല്ലായിരുന്നു...

എന്ത് വന്നാലും കൊട്ടാരത്തിൽ നിന്ന് ഇറങ്ങണം... അതിന്നു ഒരു മാറ്റവുമില്ല...

അങ്ങനെ അവൾ കൊട്ടാരത്തിലെ ജോലി വിടുന്ന കാര്യം കാര്യക്കാരനെ അറിയിച്ചു... 

രാജിക്കത്തു  നൽകി... 

ഇന്ന് കൊട്ടാരത്തിൽ തൻ്റെ  അവസാന ദിവസം ആണ്... അവൾ വേദനയോടെ ഓർത്തു...

 ഇനി ഒരിക്കലും  താൻ ഇങ്ങോട്ടേക്കില്ല.. ഇനി ഒരിക്കലും താൻ തൻ്റെ രാജാവിനെ കാണില്ല.. 

ഇവിടം കൊണ്ട് അവസാനിക്കുകയാണ്... എല്ലാം..

വൈകുന്നേരം... പണി കഴിഞ്ഞു  എല്ലാവരും വീട്ടിലിലേക്കു പോകുകയായിരുന്നു... 

അവളും ആ കൂട്ടത്തിൽ നടക്കുകയായിരുന്നു... 

പെട്ടെന്നു  ആരോ പറഞ്ഞു... 

" ദേ... രാജാവ് പോകുന്നു"... 

ഒരു നിമിഷം... അവൾ ആരോ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി... 

അതെ രാജാവ്... തൻ്റെ രാജാവ്... 

അദ്ദേഹത്തിന്റെ കുതിരപ്പുറത്തു... എല്ലാ പ്രൗഢിയോടും കൂടി ...

ഒരു മിന്നായം പോലെ അവൾ കണ്ടു...

ഇനി ഒരിക്കലും  ആ തിരുമുഖം ദർശിക്കാവുന്ന ഉള്ള ഭാഗ്യം തനിക്കു ഇല്ലാതെ പോയല്ലോ ...

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ  ആരും കാണാതെ അവൾ തുടച്ചു.. 

ഹൃദയത്തിൽ ഒരു ആയിരം ചാട്ടവാറടി ഏറ്റതു പോലെ അവൾ സാവധാനം കൊട്ടാരത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങി...  

എന്നന്നേക്കുമായി 


------------------------------------------------------------------------------------------------------------------------

 ആരുടേയും അനുവാദത്തിന്നു കാത്തു നിൽക്കാതെ കാലചക്രം അതിൻ്റെ പാട്ടിനു തിരിഞ്ഞു കൊണ്ടിരിന്നു... 

ദിവസങ്ങൾ, ആഴച്ചകൾ, മാസങ്ങൾ, വർഷങ്ങൾ ... 

ശരത്കാലത്തെ വൃക്ഷത്തിന്റെ ഇലകൾ പോലെ അവ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു...

പ്രായോഗിക ജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട് ഏവരും മുങ്ങിത്താണു.. 

-----------------------------------------------------------

പുതിയ വർഷം വരവായി... 

ലോകമെങ്ങും പ്രേതീക്ഷയോടും സ്വപ്നങ്ങളോടും കൂടി  കാത്തിരുന്ന ആ വർഷം ...

മഹാത്ഭുതങ്ങൾ സംഭവിക്കുമെന്ന് മഹാന്മാർ പ്രവചിച്ച ആ വർഷം ....

ഏവരും  ആ വർഷത്തെ വരവേൽക്കാനുള്ള തയ്‌യാറെടുപ്പിൽ ആയിരുന്നു...

അപ്പോഴാണ്... ലോകം മുഴുവൻ കീഴ്‌മേൽ മറിക്കുവാൻ .... രംഗബോധം ലവലേശവും തൊട്ടു തീണ്ടിയിട്ടില്ലാത്ത  ഒരു കോമാളിയെ പോലെ ആ മഹാവിപത്തു സംജാതമായത് ....

( തുടരും )... 

( അടുത്ത പാർട്ട് കുറച്ചു ദിവസങ്ങള്ക്കു ശേഷം... ക്ഷമയോട് സഹകരിക്കുക )...






No comments: